Kerala
ആലപ്പുഴ: മാന്നാറിൽ സൈക്കിൾ യാത്രയ്ക്കിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. പ്ലംബിംഗ് ഇലക്ട്രിക്കൽ തൊഴിലാളിയായ ചെന്നിത്തല തൃപ്പെരുന്തുറ പൈനുംതറയിൽ പ്രസാദ് (72) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ മാന്നാർ ഗവൺമെന്റ് ആശുപത്രി ജംഗ്ഷന് പടിഞ്ഞാറുവശത്താണ് സംഭവം.
സൈക്കിളിൽ വരികയായിരുന്ന പ്രസാദ് റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ തൊട്ടടുത്ത മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അതേസമയം, ആശുപത്രിയിലെ നടപടിക്രമങ്ങൾ വൈകിയത് മൂലം മൃതദേഹം വിട്ടുകിട്ടാൻ ആറു മണിക്കൂറിലധികം കാലതാമസം നേരിട്ടതായി ബന്ധുക്കൾ പരാതിപ്പെട്ടു. വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം വിട്ടുനൽകിയതെന്നും ഇവർ ആരോപിക്കുന്നു.
എന്നാൽ പോലീസിൽ നിന്നുള്ള റിപ്പോർട്ട് വൈകിയതും ബന്ധുക്കൾ ആദ്യം നൽകിയ റിപ്പോർട്ടിലെ അവ്യക്തതയുമാണ് കാലതാമസത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി ഇത് സാധ്യമല്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. പരേതയായ പ്രീതയാണ് പ്രസാദിന്റെ ഭാര്യ. മക്കൾ: പ്രിയങ്ക, പ്രതിഭ. മരുമക്കൾ: രാജീവ്, രാജീവ്.
Kerala
ആലപ്പുഴ: മാന്നാറിൽ പിതാവ് വിഷം നൽകിയ പെണ്കുട്ടികളിൽ ഒരാൾ മരിച്ചു. ശിവ നന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്.
സംഭവത്തിൽ മാന്നാർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശിവ നന്ദന ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു. സ്കൂളില് നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് കാറിൽവച്ച് ജ്യൂസിൽ വിഷം കലർത്തി നൽകിയത്.
സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മനോജിന്റെ മരണം സ്ഥീരികരിച്ചിരുന്നു.
Kerala
ആലപ്പുഴ: പാടശേഖരത്തിൽ നെല്ലിന് വളം വിതറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ നമ്പൂണാരിൽ പുതുവൽ ബിനു (അച്ചു - 49) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പകൽ മൂന്നിന് ഒന്നാം ബ്ലോക്ക് പാടശേഖരത്തിൽ നെല്ലിന് വളം ഇടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
നാട്ടുകാർ മാവേലിക്കര ജില്ലാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി.
District News
കടുത്തുരുത്തി: പഞ്ചായത്തിലെ മാന്നാര് കോട്ടമുറി-മൂലേകുന്നം റോഡ് ഇനിമുതല് അമര്ജവാന് ജോര്ജ് തോമസ് റോഡ് എന്നറിയപ്പെടും.
1980ല് നാഗാലാന്ഡിലെ സൈനിക രക്ഷാപ്രവര്ത്തനത്തിനിടെയുണ്ടായ വിമാനാപകടത്തില് വീരമൃത്യു വരിച്ച ജവാന് ജോര്ജ് തോമസ് മാളിയേക്കലിന്റെ സ്മരണയ്ക്കായി കടുത്തുരുത്തി പഞ്ചായത്തിന്റെ തീരുമാനപ്രകാരമാണ് അദ്ദേഹത്തിന്റെ പേരിടുന്നത്.
ക്യാപ്റ്റന്സ് ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില് ഈ ആവശ്യത്തിനായി പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന് മുഖേന പഞ്ചായത്ത് കമ്മിറ്റിയില് അപേക്ഷ നല്കുകയും 2025 ഒക്ടോബര് 17 ലെ കമ്മിറ്റി തീരുമാനപ്രകാരം മാന്നാര്-കോട്ടമുറി മൂലേകുന്നം റോഡ് അമര്ജവാന് ജോര്ജ് തോമസ് മെമ്മോറിയല് റോഡായി പുനര്നാമകരണം ചെയ്യുകയുമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്ജിന്റെ സാന്നിധ്യത്തില് മോന്സ് ജോസഫ് എംഎല്എ നാമകരണം നിര്വഹിച്ചു. യോഗത്തില് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡന്, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പുത്തന്കാല, പഞ്ചായത്തംഗങ്ങളായ നോബി മുണ്ടയ്ക്കന്, നിഷാ കുര്യന്, സ്റ്റീഫന് പാറവേലി, കേരള എക്സ് സര്വീസ് ലീഗ് കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റ് സാബു ജോസഫ്, ക്ലബ് പ്രസിഡന്റ് ജോര്ജ് ജിജി, സെക്രട്ടറി അതുല് ഗിരിജന്, അമര്ജവാന്റെ സഹോദരന് ജോണ് പാറേപറമ്പില്, മുന് സേനാംഗങ്ങള്, വിവിധ സമുദായ, രാഷ്ട്രീയ നേതാക്കൾ, കുടുംബാംഗങ്ങള്, ക്ലബ് ഭാരവാഹികള് തുടങ്ങിയവര് പങ്കെടുത്തു. അമര് ജവാന്റെ കുടുംബാംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് മൊമെന്റോ നല്കി ആദരിച്ചു.
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും ക്ലബ്ബ് ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില് പുഷ്പാര്ച്ചനയും നടത്തി.